blog title

കൂർക്കംവലി

03-Sep-2020

കൂർക്കംവലി നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ...???

നിദ്രാഭംഗങ്ങൾ അവസാനിക്കുന്നില്ലേ..?

ഉണർവിലേക്ക് കൺതുറക്കാൻ നല്ല ഉറക്കം കൂടിയേ തീരു. അവർക്കു മാത്രമേഊർജ്ജ്വസ്വലമായി പ്രവർത്തികളിൽ ഏർപ്പെടാനാവു. മുൻകാലങ്ങളിൽ ഉറക്കമില്ലായ്മയും, ഉറക്കപ്രശ്നങ്ങളും അനുഭവിച്ചു തീർക്കാനായിരുന്നു പലരുടെയും വിധി. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിന്റെ കാരണങ്ങളും ചികിത്സാരീതികളും കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. മാനസിക സമ്മർദം,നാഡീസംബന്ധമായ തകരാറുകൾ, മസ്തിഷക രോഗങ്ങൾ, ജീവിതചര്യയിലെ മാറ്റം, ഹോർമോൺ തകരാറുകൾ തുടങ്ങി അമിതവണ്ണം വരെ ഇതിന് കാരണങ്ങളാണ്.

 

ശരിയായ ഉറക്കത്തിന്റെ ആവശ്യകത

  • നല്ല ആരോഗ്യം ലഭിക്കാൻ 
  •  ശരിയായ ഓർമ്മശക്തിയുണ്ടാകുവാൻ .
  • ശരീരത്തിന് നല്ല ഉൻമേഷമുണ്ടാകുവാൻ
  • ഊർജ്ജസ്വലതയോടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടാൻ

 

കൂർക്കം വലി

കൂർക്കം വലി രോഗലക്ഷണമോ, രോഗ കാരണമോ ആകാം. അമിത വണ്ണം, കഴുത്തിന് വണ്ണക്കൂടുതലുള്ളവർ, മുക്കിലുണ്ടാകുന്ന തടസ്സങ്ങൾ (പാലത്തിന്റെ വളവ് , മൂക്കിലെ ദശ മുതലായവ), തൊണ്ടയിലെ തടസ്സങ്ങൾ ടോൺസിലുകളുടെ അമിത വലിപ്പം, ചെറുനാക്കിലുണ്ടാകുന്ന വീക്കം, ചെറുനാക്കിന്റെ അമിത വലിപ്പം) തുടങ്ങിയ എല്ലാം കൂർക്കം വലിയിലേക്ക് നയിക്കാം. കൂർക്കം വലിമൂലം ശ്വാസപ്രവാഹം തടസ്സപ്പെടുന്നതിനാൽ തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്താൻ കഴിയാതെ വരും. പക്ഷാഘാതം, ഹൃദയസ്തംഭനം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗാവസ്ഥകളിലേക്ക് കൂർക്കം വലി നിങ്ങളെ നയിച്ചേക്കാം.

 

ഉറക്കത്തിലെ ശ്വാസഭംഗം (OBSTRUCTIVE SLEEP APNOEA)

ശ്വാസോച്ഛാസത്തിന് തടസ്സം വരുന്നത് മൂലം ഉറക്കത്തിനിടക്ക് ഉണരുന്ന രോഗാവസ്ഥയാണ് സ്ലീപ്പ് അപ്നിയ. ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികളുടെ ക്ഷീണം മുലവും, കൊഴുപ്പ് കൂടുതലായി അടിഞ്ഞു കൂടുന്നതു കൊണ്ടും, അമിതമായ കൂർക്കംവലികാരണവും, ശ്വസനവഴിയിലെ മറ്റ് തടസ്സങ്ങൾ മൂലവും ഉറക്കത്തിനിടയ്ക്ക് ശ്വാസം നിന്നു പോവുകയും തൽഫലമായി തലച്ചോറിലേക്ക് ഓക്സിജൻ എത്താതാവുകയും മസ്തിഷ്ക പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങൾ

  • അമിതമായ കൂർക്കം വലിയും, തൻമൂലം ഇടക്കിടക്ക് ശ്വാസം നിലക്കലും
  • അമിതമായ പകലുറക്കം
  • ശ്വാസം കിട്ടാതെ ഞെട്ടി ഉണരുക
  • രാവിലെയുള്ള തലവേദന
  • അമിതമായ രക്തസമ്മർദ്ദം
  • ഓർമ്മക്കുറവ്, ഉന്മേഷക്കുറവ്, ക്ഷീണം, ദേഷ്യം
  • ഉറക്കത്തിൽ അമിതമായി കൈകാലുകൾ ചലിപ്പിക്കുക

മുകളിൽ പ്രസ്താവിച്ച് ഏതെങ്കിലും രോഗലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടനെ ഡോകറെ സമീപിക്കുക. നിദ്രാശ്വസന പഠനം (Sleep Study) വഴി ഡോക്ടർമാർക്ക് ഒരു വ്യക്തിക്ക് നിദ്രാശ്വാസഭംഗം (Obstructive Sleep Apnoea) എന്ന രോഗമുണ്ടോ എന്ന് കണ്ടുപിടിക്കാനാവും.

 

ഡ്രഗ് ഇൻഡ്യൂസ്ഡ് സ്ലീപ്പ് എന്റോസ്കോപ്പി Drug Induced Sleep Endoscopy (DISE)

കൂർക്കം വലിക്ക് കാരണമാകുന്ന ശ്യാസപ്രവാഹ മാർഗ്ഗത്തിലെ തടസം എവിടെയാണ് എന്ന് ഈ രോഗ നിർണ്ണയമാർഗ്ഗം വഴി കണ്ടെത്താനാകും. രോഗിയെ ചെറിയ മയക്കം നൽകി ഉറങ്ങിയതിന് ശേഷം മൂക്കിലൂടെ മൃദുവായ എൻഡോസ്കോപ്പ് കടത്തി ശ്വസന വഴിയിൽ തടസ്സമുണ്ടാക്കുന്ന ഭാഗം കണ്ടെത്തുന്നു. മൂക്കിലെ ദശ, മുക്കിലെ പാലത്തിന്റെ വളവ് തുടങ്ങിയവ കൊണ്ടുണ്ടാകുന്ന തടസങ്ങൾ, ടോൺസിലുകളുടെ അമിതവലിപ്പം, ചെറുനാവിന്റെ വലിപ്പം കൊണ്ടുണ്ടാകുന്ന തടസ്സങ്ങൾ, നാവിന്റെ അമിതവണ്ണം, തൊണ്ടയുടെ താഴ്ഭാഗത്തുള്ള തടസ്സങ്ങൾ തുടങ്ങി കൂർക്കം വലിയിലേക്ക് നയിക്കുന്ന രോഗകാരണങ്ങളെ ഈ ലളിതമായ ടെക്സ്റ്റ് വഴി കണ്ടെത്തി ചികിത്സിക്കാൻ സാധിക്കും.

 

സ്ലിപ്പ് സ്റ്റഡി (നിദ്രാ പഠനം)

വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ ഉറക്കത്തെപ്പറ്റി പഠിക്കുകയാണ് നിദ്രാപഠനം. പ്രധാനമായും രോഗിയുടെ ഹൃദയമിടിപ്പ്, ഉറക്കത്തിൽ എത്ര പ്രാവശ്യം ശ്വാസോച്ഛാസം നിൽക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് എത്രകണ്ട് ഉറക്കത്തിനിടയിൽ കുറയുന്നു. തലച്ചോറിന്റെ പ്രവർത്തനം തുടങ്ങിയവ നിദ്രാപഠനം വഴി മനസ്സിലാക്കാനും അതുവഴി നിദ്രാശ്വാസ തടസ്സം ഉണ്ടാ എന്ന് കണ്ടുപിടിക്കാൻ കഴിയും

കൂർക്കം വലി ഒഴിവാക്കാൻ ചില പൊതു മാർഗ്ഗങ്ങൾ

  • വ്യായാമം ശീലമാക്കുക.
  • മലർന്നു കിടക്കുമ്പോൾ കൂർക്കം വലിക്കുമെങ്കിൽ ചരിഞ്ഞു കിടക്കുക.
  • അമിതവണ്ണം കുറക്കുക , പൊക്കത്തിനനുസരിച്ചുള്ള വണ്ണം നിലനിർത്തിക്കൊണ്ടുപോകാൻ ശ്രദ്ധിക്കുക
  • തല അധികം ഉയർത്തിയോ, താഴ്ത്തിയ വച്ച് ഉറങ്ങാതിരിക്കുക.
  • ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ ഒന്നര മണിക്കൂറെങ്കിലും ഇടവേള കൊടുക്കാൻ ശ്രദ്ധിക്കുക
  • ഉറക്കഗുളികകൾ ഉപയോഗിക്കാതിരിക്കുക. അവ പിന്നീട് ഉറക്ക ഗുളികകളുടെ നിർബന്ധിത ഉപയോഗത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.
  • ഉറക്കത്തിന് മുമ്പ് മദ്യം, കാപ്പീ , ചായ മുതലായ പാനീയങ്ങൾ ഒഴിവാക്കുക.
  • ജലദോഷം, മൂക്കടപ്പ് ഇവയുള്ളപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുകയും ആവിപിടിക്കുകയും ചെയ്യുക
  • ഉറങ്ങുന്നതിന് മുമ്പ് പുകവലിക്കാതിരിക്കുക.

 

ഉറക്കത്തിലെ ശാസഭംഗത്തിനുള്ള ചികിത്സാവിധികൾ

  • ശരീരഭാരം കുറക്കൽ (അമിതവണ്ണമുള്ളവരിൽ)
  • ഉറങ്ങുന്ന സമയത്ത് ശ്വാസപ്രവാഹമാർഗ്ഗത്തെ വികസിപ്പിച്ചു നിർത്തുന്ന സി - പാപ്പ് (CPAP) ഉപകരണങ്ങൾ ഉപയോഗിക്കുക.
  • ചിലരിൽ രോഗനിർണ്ണയ പ്രകാരം ആവശ്യമായ ശസ്ത്രക്രിയ ചെയ്യുന്നതിലൂടെയും രോഗം ഭേദമാക്കാം.

 

സുഖനിദ്രക്കുള്ള എളുപ്പ വഴികൾ

  • മനസ്സിന് അയവു വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചതിന് ശേഷം ഉറങ്ങാൻ പോവുക. മാനസിക സംഘർഷങ്ങളെ പൂർണമായും ഒഴിവാക്കുക.
  • കൃത്യമായ സമയം ഉറങ്ങാനും ഉണരാനും കണ്ടെത്തുക,
  • ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഉത്തേജകപാനീയങ്ങളുടെ ഉപയോഗം പൂർണ്ണമായും നിർത്തുക.
  • കിടപ്പറ ഇരുണ്ടതും ശാന്തവുമാക്കി സൂക്ഷിക്കുക. നന്നായി ഉറക്കം വരുമ്പോൾ മാത്രം കിടക്കുക.
  • ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കരുത്.
  • വൈകീട്ട് 3 മണിക്കു ശേഷമുള്ള പകലുറക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
  • ജീവിത പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തകളുമായി ഉറങ്ങാൻ കിടക്കുന്നത് ഒഴിവാക്കുക.
  • കിടന്ന് അര മണിക്കൂറിനുള്ളിൽ ഉറങ്ങാനായില്ലെങ്കിൽ എഴുന്നേറ്റ് മനസ്സിന് അയവുവരുത്തിയ ശേഷം ഉറങ്ങാൻ കിടക്കുക.
  • ചെറിയ ചൂട് പാൽ ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നതും, ചെറു ചൂടുവെള്ളത്തിൽ മേൽകഴുകി ഉറങ്ങാൻ കിടക്കുന്നതും ഉറക്കത്തെ ക്ഷണിച്ച് വരുത്തും.