blog title

Cochlear Implantation

01-Oct-2020

എന്താണ് കോക്ലിയാർ ഇംപ്ലാന്റേഷൻ ?

ചെവിക്കകത്തെ കോക്ലിയ എന്ന അവയവത്തിലെ കോശങ്ങൾക്ക് തളർച്ച സംഭവിക്കുകയും ശക്തിയേറിയ ശ്രവണ സഹായികൾ ഉപയോഗിച്ചിട്ടു പോലും പൂർണമായ പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ കേൾവി തിരികെ കൊണ്ടുവരാനുള്ള നൂതനമായ ശസ്ത്രക്രിയയാണ് കോക്ലിയാർ ഇംപ്ലാന്റേഷൻ.

എങ്ങനെയാണ് കോക്ലിയാർ ഇംപ്ലാന്റേഷൻ പ്രവർത്തിക്കുന്നത്

കോക്ലിയാർ ഇംപ്ലാന്റിന് രണ്ട് ഭാഗങ്ങളാണുള്ളത്. പുറമെ ധരിക്കുന്ന സ്പ്പീച്ചു പ്രൊസസറും ഹെഡ്പീസും, ശസ്ത്രക്രിയ ചെയ്ത് അകത്ത് ഘടിപ്പിക്കുന്ന റിസീവർ സ്റ്റിമുലേറ്ററും, ഇലക്ട്രോഡുകളും. പുറമെയുള്ള ഭാഗം ശബ്ദങ്ങൾ പിടിച്ചെടുത്ത് റിസീവർ സ്റ്റിമുലേറ്ററിലേക്ക് കടത്തിവിടുന്നു. അവിടെനിന്നും ഈ ശബ്ദതരംഗങ്ങൾ ഇലക്ട്രോഡിലേക്ക് എത്തുകയും അവിടെവെച്ച് ഓരോ ഇലക്ട്രോഡും സന്ദേശങ്ങളെ ശ്രവണ നാഡിയിലേക്കയക്കുകയും ചെയ്യുന്നു. ഈ സന്ദേശങ്ങൾ ശ്രവണ നാഡി വഴി തലച്ചോറിലെത്തുമ്പോൾ നാം ശബ്ദത്തെ തിരിച്ചറിയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം മൂന്നാഴ്ചകൾക്ക് ശേഷമാണ് സ്വിച്ച് ഓൺ എന്ന പ്രക്രിയ നടത്തുന്നത്. സ്വിച്ച് ഓൺ എന്നതിലൂടെ കോക്ലിയാർ ഇംപ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുക എന്നതാണ് അർത്ഥമാക്കുന്നത്. ഇതിനു ശേഷമാണ് ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങുന്നത്. സ്വിച്ച് ഓൺ പോലെ തന്നെ പ്രധാനമാണ് പ്രോഗ്രാമിംഗ്. കോക്ലിയക്കകത്ത് വെച്ചിട്ടുള്ള ഇലക്ട്രോഡുകളെ ഉത്തേജിപ്പിക്കുന്നതിന് വേണ്ട വൈദ്യുതിയുടെ അളവ് നിശ്ചയിക്കുക എന്നതാണ് പ്രോഗ്രാമിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ വ്യക്തമായ രീതിയിലുള്ള കേൾവി സാധ്യമാകുന്നതുവരെയും അതിനുശേഷം പ്രത്യ്യേക ഇടവേളകളിലും പ്രോഗ്രാമിംഗ് ചെയ്യേണ്ടതുണ്ട്.


എങ്ങനെയാണ് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി ചെയ്യുന്നത്?

കോക്ലിയാർ ഇംപ്ലാന്റേഷന്റെ പ്രയോജനം വേണമെന്നാഗ്രഹിക്കുന്ന വർ കോക്ലിയാർ ഇംപ്ലാന്റ് വിദഗ്ധനായ ഒരു ഇ.എൻ.ടി. ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്. ആവശ്യമെന്നുകണ്ടാൽ കോക്ലിയാർ ഇംപ്ലാന്റ് പ്രൊഫെഷണൽസ് വിദഗ്ധമായ പരിശോധനയിലൂടെ ആ വ്യക്തിക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കുമോ എന്ന് വിലയിരുത്തും. ആശയ വിനിമയം, മാനസിക ശേഷി, വിദ്യാഭ്യാസപ്രകടനം, ശ്രവണശേഷി, വൈദ്യ പരിശോധനകൾ, ആന്തരകർണത്തിന്റെ ഘടന ഇവ ആധാരമാക്കിയാണ് കോക്ലിയാർ ഇംപ്ലാന്റേഷന് യോഗ്യരാണോ എന്ന് വിലയിരുത്തുന്നത്. സാധാരണ ചെയ്യുന്ന ചെവിയുടെ ഓപറേഷനുകൾ പോലെ തന്നെയാണ് ഈ സർജറിയും.  3 മണിക്കൂറുകളോളം ദൈർഘ്യം വരുന്ന ഈ ഓപറേഷൻകഴിഞ്ഞാൽ ഒന്നോ , രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാവുന്നതാണ്. ഓപറേഷൻ കഴിഞ്ഞ് മുറിവുണങ്ങിയാൽ 3 ആഴ്ചക്കു ശേഷം ചെവിക്ക് പുറകിൽ പ്രോസസസറും,  ഹെഡ്‍പീസും ഘടിപ്പിച്ചാൽ കേട്ട് തുടങ്ങാം .

കോക്ലിയാർ ഇംപ്ലാന്റ് ആർക്കൊക്കെ ഗുണം ചെയ്യും ?

ജന്മനാ ബധിരരായ കുട്ടികൾ, ശക്തിയേറിയ ശ്രവണ സഹായികൾ ഉപയോഗിച്ചിട്ടും പ്രയോജനമില്ലാത്തവർ, അപകടം മൂലമോ, ഓട്ടോ സ്‌ക്ലീറോസിസ് , മീനിയർസ് ഡിസീസ് തുടങ്ങിയ അസുഖങ്ങൾ മൂലമോ പൂർണമായും കേൾവി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് കോക്ലിയാർ ഇംപ്ലാന്റ് വഴി കേൾവിയുടെ ലോകത്തേക്ക് തിരിച്ചുവരാം.

കോക്ലിയാർ ഇംപ്ലാന്റിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?

കോക്ലിയാർ ഇംപ്ലാന്റ് ഉപയോഗിക്കുന്ന എല്ലാവർക്കും നല്ല രീതിയിൽ ചുറ്റുപാടു മുള്ള ശബ്ദങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. പ്രത്യേകിച്ചും ശാന്തമായ അന്തരീക്ഷത്തിൽ സംസാരം ചുണ്ടനക്കത്തിലൂ ടെയല്ലാതെ നല്ലരീതിയിൽ കേൾക്കാൻ കഴിയുന്നു. ഇംപ്ലാന്റ് ടെക്നോളജിയിലുണ്ടായ പുതിയ നേട്ടങ്ങൾ ഇംപ്ലാന്റ് ഉപയോഗിക്കുന്ന എല്ലാവർക്കും ദൈനംദിന ജീവിതത്തിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകളേയും, പശ്ചാത്തല ശബ്ദം, പതിഞ്ഞ സംസാരം, സംഗീതാസ്വാദനം, ടെലിഫോൺ, സ്കൂളിലേയും, ബിസിനസ്സ് സ്ഥലങ്ങളിലേയും ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാൻ പ്രാപ്തരാക്കുന്നു. കോക്ലിയാർ ഇംപ്ലാന്റ് ഉപയോഗിക്കുന്ന ഓരോരുത്തരും വ്യത്യസ്തരാണ്. കോക്ലിയാർ ഇംപ്ലാന്റിലൂടെ എന്തുമാത്രം പ്രയോജനം ലഭിക്കുമെന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. ഇംപ്ലാന്റ് ചെയ്യുന്ന സമയത്തെ വയസ്സ്, മുൻമ്പുണ്ടായിരുന്ന കേൾവിശക്തി, ബധിരത ബാധിച്ച് ദൈർഘ്യം, ഉൾചെവിയിലേയും ശ്രവണനാഡിയുടേയും അവസ്ഥ എന്നീ ഘടകങ്ങൾ വളരെ പ്രധാനമാണ്. ഓപറേഷന് ശേഷമുള്ള പുനഃസ്ഥാപനം, വിദ്യാഭ്യാസപരമായ പിന്താങ്ങൽ, വ്യക്തിപരവും കുടുംബപരവുമായ സഹകരണം ഇവ അത്യാവശ്യ ഘടകങ്ങളാണ്. 4 ലക്ഷത്തോളം വരുന്ന കുട്ടികളും, മുതിർന്നവരും കോക്ലിയർ ഇംപ്ലാന്റേഷൻ വഴി കേൾവിയുടെ ലോകത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.


എന്താണ് ഓഡിറ്ററി ഹാബിലിറ്റേഷൻ

ക്ലോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി കഴിഞ്ഞവർക്ക് അതിന്റെ സഹായത്തോടെ സംസാരശേഷി നേടിയെടുക്കാൻ സഹായിക്കുംവിധമുള്ള ഒരു പരിശീലന സമ്പ്രദായമാണ് ഓഡിറ്ററി ഹാബിലിറ്റേഷൻ. ശ്രദ്ധ കേന്ദ്രീകരിക്കാൻ ശീലിക്കുന്നതിലൂടെ സംസാര ഭാഷ ക്രോഡീകരണവും ക്രമേണ സംസാരശേഷിയും കൈവരും. സ്വന്തം ശബ്ദവും, മറ്റുള്ളവരുടെ ശബ്ദങ്ങളും, ചുറ്റുപാടുമുള്ള മറ്റേതു ശബ്ദങ്ങളും, ശ്രവിക്കാനുള്ള പരിശീലനമാണിത്.